കോട്ടയം: ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷന് ലീഗിന്റെ ആഭിമുഖ്യത്തില്‍ 38-ാമത് അല്‍ഫോന്‍സ തീര്‍ഥാടനം ഓഗസ്റ്റ് ഒന്നിന് നടത്തും. പതിനായിരങ്ങള്‍ തീര്‍ഥാടനത്തില്‍ പങ്കെടുക്കും.
അതിരൂപതയിലെ വിവിധ ഭാഗങ്ങളില്‍നിന്നു കാല്‍നടയായും വാഹനങ്ങളിലും എത്തുന്ന തീര്‍ഥാടകര്‍ അല്‍ഫോന്‍സ ജന്മഗൃഹത്തിലും കുടമാളൂര്‍ ഫൊറോന പള്ളിയിലും എത്തി മടങ്ങും.
പുലർച്ചെ 5.30ന് അതിരമ്പുഴ, വെട്ടിമുകൾ, ചെറുവാണ്ടൂർ, കോട്ടയ്ക്കപ്പുറം സ്ഥലങ്ങളില്‍നിന്ന് അതിരമ്പുഴ മേഖലയുടെ തീര്‍ഥാടകരും 5.45ന് പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍നിന്നു ചങ്ങനാശേരി-തുരുത്തി മേഖലകളുടെ തീര്‍ഥാടകരും 6.15ന് കുടമാളൂര്‍ മേഖലയിലെ വിവിധ ശാഖകളില്‍നിന്നുള്ള തീര്‍ഥാടകരും സെന്റ് മേരീസ് ഫൊറോനപള്ളിയില്‍ ഒത്തുചേർന്നാണ് പദയാത്ര ആരംഭിക്കുന്നത്.
കോട്ടയം സിഎംഎസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍നിന്ന് രാവിലെ 8.45നു കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂര്‍ മേഖലകളുടെ തീര്‍ഥാടനങ്ങളും 10.30 നു കുറുമ്പനാടം മേഖലയുടെ തീര്‍ഥാടനവും ആരംഭിക്കും. ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീര്‍ഥാടനം ഉച്ചകഴിഞ്ഞ് രണ്ടിന് അല്‍ഫോന്‍സാ ജന്മഗ്യഹത്തില്‍ എത്തിച്ചേരും.
ആലപ്പുഴ, എടത്വ, പുളിങ്കുന്ന്, ചമ്പക്കുളം മേഖലകളിലെ തീര്‍ഥാടകര്‍ മാന്നാനം ആശ്രമദേവാലയത്തില് രാവിലെ 9.45ന് എത്തിച്ചേരും.
തുടര്‍ന്നു തീര്‍ഥാടകര്‍ കുടമാളൂരിലേക്കു പദയാത്രയായി നീങ്ങും. മുഹമ്മ മേഖലയിലെ തീര്‍ഥാടകര്‍ രാവിലെ 11ന് ആര്‍പ്പൂക്കര ചെറുപുഷ്പം ദൈവാലയത്തില്‍നിന്നും പദയാത്ര ആരംഭിച്ച് 11.30ന് അല്‍ഫോന്‍സ ജന്മഗൃഹത്തില്‍ എത്തിച്ചേരും.
അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂര്‍ മേഖലകളില്‍ നിന്നുള്ള തീര്‍ഥാടകരും വിവിധ സമയങ്ങളില്‍ എത്തിച്ചേരും. തീര്‍ഥാടകര്‍ക്കുള്ള നേര്‍ച്ച ഭക്ഷണം കുടമാളൂര്‍ ഫൊറോന പള്ളിയില്‍ രാവിലെ 9 മുതല്‍ വൈകുന്നേരം നാലുവരെ ക്രമീകരിച്ചിട്ടുണ്ട്.
പത്രസമ്മേളനത്തില്‍ ഫാ. ഡോ. വര്‍ഗീസ് പുത്തന്‍പുരയ്ക്കൽ, ഫാ. സെബാസ്റ്റ്യന്‍ മാമ്പറ, ജോണ്സണ് കാഞ്ഞിരക്കാട്ട്, സാലിച്ചന് തുമ്പേക്കളം, ഏബ്രഹാം കുര്യൻ, ജോര്‍ജ് ജോസഫ്, ലൂക്ക് അലക്സ്, മനോജ് തോമസ് എന്നിവര്‍ പങ്കെടുത്തു.